ഡോ. ദീപ്.പി പിള്ള
കണ്‍സല്‍ട്ടന്റ്, ഇന്റര്‍വെന്‍ഷനല്‍ ന്യൂറോളജി ആന്റ് സ്‌ട്രോക് സ്‌പെഷ്യലിസ്റ്റ്
സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ന്യൂറോ സയന്‍സസ്
മേയ്ത്ര ഹോസ്പിറ്റല്‍, കോഴിക്കോട്
16 th May 2022
പക്ഷാഘാതം മനുഷ്യന്റെ ജീവിതത്തിന്റെ ഗതി തന്നെ മാറ്റുന്ന രോഗാവസ്ഥയാണ്. ദൈനം ദിന തിരക്കുകളില്‍ നിന്ന് മനുഷ്യരെ ജീവിതത്തിന്റെ പുറമ്പോക്കിലേക്ക് ഒതുക്കിക്കളയുന്ന രോഗാവസ്ഥ.
ലോകത്ത് ഓരോ വര്‍ഷവും ഈ രോഗത്തിന്റെ പിടിയില്‍ വീഴുന്നത് 13.6 ദശലക്ഷം പേരാണ്. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ എയ്ഡ്‌സ്, മലേറിയ, ടിബി തുടങ്ങിയ രോഗങ്ങളെല്ലാം കൂടി ഉണ്ടാക്കുന്ന മരണങ്ങളെക്കാള്‍ കൂടുതലാണ് ഈ നിശ്ശബ്ദ കൊലയാളി കാരണമുള്ള മരണനിരക്ക്. ശരാശരി 18 വയസ്സിനു മേല്‍ പ്രായമുള്ള നാലിലൊരാള്‍ക്ക് ഈ രോഗം വരാനുള്ള സാധ്യതയുണ്ടെന്ന് രാജ്യാന്തര തലത്തില്‍ നടന്ന പഠനങ്ങള്‍ പറയുന്നു.
സമയം നിര്‍ണ്ണായകമാണ്
സ്‌ട്രോക്ക് അഥവാ പക്ഷാഘാതം സംഭവിച്ചാല്‍ ചികിത്സയില്‍ നിര്‍ണ്ണായകമായ ഘടകങ്ങളിലൊന്ന് സമയമാണ്. തക്ക സമയത്ത് കൃത്യമായ ചികിത്സ ലഭിച്ചാല്‍ ഏറിയ പങ്കും രോഗാവസ്ഥയ്ക്ക് പരിഹാരം കണ്ടെത്താനും പരമാവധി സ്വാഭാവിക ജീവിതത്തിലേക്ക് അവരെ തിരികെ എത്തിക്കാനും സാധിക്കും.
പക്ഷാഘാതത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ച് ആദ്യ ആറു മണിക്കൂറിനുള്ളില്‍ നിര്‍ദ്ദേശിക്കപ്പെടുന്ന ഏറ്റവും ഫലപ്രദമായ ചികിത്സയാണ് ത്രോംബക്ടമി. അതിനുശേഷം ആധുനിക സ്‌കാനറുകളുടെ സഹായത്തോടെ (RAPTO-AI) 24 മണിക്കൂര്‍ വരെയും ഈ ചികിത്സ നല്‍കാവുന്നതാണ്. 30 ലക്ഷത്തോളം രോഗബാധിതരുണ്ടെങ്കിലും ഇവരില്‍ പത്തു ശതമാനത്തില്‍ താഴെ പേര്‍ക്കു മാത്രമേ ത്രോംബക്ടമി ചികിത്സ ഇപ്പോള്‍ പ്രാപ്യമാകുന്നുള്ളൂ എന്നതാണ് വസ്തുത.
എന്താണ് പക്ഷാഘാതം, എന്താണ് ത്രോംബക്ടമി
തലച്ചോറിലെ രക്തധമനികളില്‍ രക്തക്കട്ട വന്ന് അടഞ്ഞ് തടസ്സമുണ്ടാകുകയോ, കഴുത്തുവഴി തലച്ചോറിലേക്കു പോകുന്ന രക്തധമനികളില്‍ കൊഴുപ്പ് അടിഞ്ഞ് തടസ്സം വരികയോ, ചെയ്യുന്നതു മൂലമുണ്ടാകുന്ന രോഗാവസ്ഥയാണ് ഇഷമിക് സ്‌ട്രോക്ക്. ഇത് തലച്ചോറിന്റെ പല ഭാഗങ്ങളുടെയും പ്രവര്‍ത്തനത്തെ മരവിപ്പിക്കുകയും ചെയ്യുന്നതോടെ ശരീരാവയവങ്ങളുടെ പ്രവര്‍ത്തനം അവതാളത്തിലാവാം. രക്തക്കുഴലില്‍ തടസ്സമായി മാറുന്ന രക്തക്കട്ട താക്കോല്‍ദ്വാര ശസ്ത്രക്രിയ അല്ലെങ്കില്‍ ചെറിയ മുറിവു മാത്രമുണ്ടാക്കി ചെയ്യുന്ന മിനിമലി ഇന്‍വേസീവ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്ന നടപടിക്രമമാണ് ത്രോംബക്ടമി. സാധാരണ ഗതിയില്‍ പക്ഷാഘാതം സംഭവിച്ച് ആറു മണിക്കൂറിനുള്ളിലാണ് ഇത് ഏറ്റവും ഫലപ്രദമാകുന്നത്. രോഗിയുടെ പ്രായം, കുടുംബത്തില്‍ സമാന രോഗമുള്ളവരുണ്ടാകുക, പ്രമേഹം, അമിത രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, ഹൃദയസംബന്ധമായ രോഗങ്ങള്‍, ഹൃദയത്തിന്റെ പമ്പിംഗ് കുറവ്, പുകവലി, മദ്യപാനം, വ്യായാമമില്ലായ്മ, അച്ചടക്കമില്ലാത്ത ജീവിത ശൈലി, ഉയര്‍ന്ന മാനസിക സമ്മര്‍ദ്ദം തുടങ്ങിയവയൊക്കെ സ്‌ട്രോക്ക് വരുന്നതിനുള്ള കാരണമാകുന്നു.
ലക്ഷണങ്ങളെ ആദ്യം അറിയുക
സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയുക എന്നത് അതിപ്രധാനമാണ്. പക്ഷാഘാതത്തിന്റെ ആദ്യസൂചനകള്‍ കാണുമ്പോള്‍ തന്നെ ഡോക്ടറുടെ ഉപദേശം തേടുകയും അര്‍ഹമായ ചികിത്സ ഉറപ്പുവരുത്തുകയും വേണം. വരാനിരിക്കുന്ന പക്ഷാഘാതത്തെ തടയാന്‍ ഇത് പ്രയോജനപ്പെട്ടേക്കും. നെഞ്ചുവേദന അനുഭവപ്പെട്ടാല്‍ ഹൃദയസ്തംഭനമാണെന്ന പേടിയോടെ ആശുപത്രിയിലേക്കെത്തുന്ന സാധാരണക്കാര്‍ പക്ഷെ, പലപ്പോഴും പക്ഷാഘാതത്തിന്റെ സൂചനകളെ അത്ര ഗൗരവമായി കാണാറില്ലെന്നതാണ് സത്യം. മുഖത്തിന്റെ ഒരു വശം കോടുക, കൈകാലുകളില്‍ ബലക്കുറവ് അനുഭവപ്പെടുക, മരവിപ്പ്, , ശബ്ദം കുഴഞ്ഞു പോകുക, കാഴ്ച മങ്ങുകയോ, രണ്ടായി കാണുകയോ ചെയ്യുക, നടക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരു വശത്തേക്ക് വേച്ചു പോവുന്നു വീഴുകയോ ചെയ്യുക തുടങ്ങിയവയാണ് പക്ഷാഘാതത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.
ബോധം നഷ്ടപ്പെടുക, ദൃഷ്ടി ഒരു വസ്തുവില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രയാസപ്പെടുക, സംസാരിക്കുമ്പോള്‍ വാക്കുകള്‍ കിട്ടാന്‍ പ്രയാസം അനുഭവപ്പെടുകയോ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ കഴിയാതിരിക്കുകയോ തുടങ്ങിയവയെല്ലാം ഗൗരവമായ പക്ഷാഘാതത്തിന്റെ ലക്ഷണങ്ങളാണ്.
ചികിത്സയും മുന്‍കരുതലുകളും
ഒരു നിമിഷം പോലും പാഴാക്കാതെ മികച്ച ഹോസ്പിറ്റലില്‍ എത്തിക്കുക എന്നത് പ്രധാനമാണ്. ആധുനിക സ്‌കാനിംഗ് സൗകര്യം, 24 മണിക്കൂര്‍ ന്യൂറോളജിസ്റ്റിന്റെ സേവനം, ത്രോംബൊലൈസിസ് / ത്രോംബക്ടമി തുടങ്ങി എല്ലാ ചികിത്സാ സൗകര്യമുള്ള ആശുപത്രിയാകണം.
രണ്ടു മില്ലി മീറ്റര്‍ വലിപ്പത്തിലുള്ള മുറിവുണ്ടാക്കി കാലില്‍ രക്തക്കുഴല്‍ വഴി ആധുനിക സ്റ്റെന്റുകളുടെ സഹായത്തോടെ തലച്ചോറിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുത്തുന്ന രക്തക്കട്ട (blood clot) പൂര്‍ണ്ണമായി നീക്കം ചെയ്ത് രക്തയോട്ടം പുനസ്ഥാപിക്കുന്ന ചികിത്സാ രീതിയാണ് ത്രോംബക്ടമി. നടത്തുന്ന ഈ ശസ്ത്രക്രിയക്ക് പരമാവധി ഒരു മണിക്കൂര്‍ മുതല്‍ ഒന്നര മണിക്കൂര്‍ വരെ എടുക്കാറുണ്ട്.
ത്രോംബക്ടമിയെക്കുറിച്ചും പക്ഷാഘാതം വന്നാല്‍ സ്വീകരിക്കേണ്ട ചികിത്സ രീതിയെ കുറിച് വ്യാപകമായ തോതില്‍ ബോധവത്കരണം നടത്തേണ്ടതുണ്ട്. രോഗലക്ഷണങ്ങളെ തിരിച്ചറിയാൻ ഓരോരുത്തരെയും പ്രാപ്തരാക്കുന്നത് മുന്‍കൂട്ടിയുള്ള ചികിത്സ ലഭിക്കാനും മികച്ച ഫലപ്രാപ്തി നേടാനും ഉപകരിക്കും. ആഗോള തലത്തില്‍ ഈ സന്ദേശം പ്രചരിപ്പിക്കുന്നതിനു വേണ്ടിയാണ് മെയ് 15 ലോക സ്‌ട്രോക് ത്രോംബക്ടമി ദിനമായി ആചരിക്കുന്നത്.