നമ്മുടെ രാജ്യത്തെ കാന്‍സര്‍ രോഗികളില്‍ ഏതാണ്ട് 30 ശതമാനവും വായിലെ കാന്‍സര്‍ അതായത് നാവ്, കവിള്‍, ചുണ്ട്, മോണ, അണ്ണാക്ക്, കവിളെല്ലുകള്‍, തൊണ്ട തുടങ്ങിയ ഭാഗങ്ങളിലുണ്ടാകുന്ന കാന്‍സര്‍ മൂലം രോഗികളാകുന്നവരാണ്.
കാന്‍സറിനു കാരണം എന്ത്?
പുകവലി, മദ്യപാനം എന്നിവയ്ക്ക് പുറമെ, എച്ച്.പി.വി. വൈറസ് ബാധ, പല്ലുമായി ബന്ധപ്പെട്ടുണ്ടാകുന്ന മാറാത്ത മുറിവുകള്‍ തുടങ്ങിയവയൊക്കെ കാന്‍സറിനുള്ള പ്രധാന കാരണങ്ങളാണ്. താരതമ്യേന പുരുഷന്‍മാരിലാണ് ഈ രോഗാവസ്ഥ കണ്ടുവരാറുള്ളതെങ്കിലും പല്ലുസംരക്ഷണത്തിലെ അപാകത, പ്രതിരോധശേഷി നേടാത്ത അവസ്ഥ, പോഷകാഹാരക്കുറവ്, ജനിതകഘടകങ്ങള്‍ തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് അടുത്തിടെയായി രോഗബാധിതരാകുന്ന സ്ത്രീകളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.
ലക്ഷണങ്ങള്‍ എന്തൊക്കെ?
വായയുടെ ഉള്‍ഭാഗത്തു കണ്ടു വരുന്ന വെളുത്ത നിറത്തിലോ ചുവന്ന നിറത്തിലോ കാണുന്ന കാന്‍സറിനു കാരണമാകുന്ന മുറിവുകള്‍ പതുക്കെ കാന്‍സര്‍ ആയി രൂപാന്തരപ്പെടാറുണ്ട്. വിട്ടു മാറാത്ത അള്‍സര്‍, വേദനയോടു കൂടിയതോ അല്ലാതെയോ ഉള്ള വീക്കം, തൊടുമ്പോള്‍ രക്തം വരുന്നത് തുടങ്ങിയ ലക്ഷണങ്ങളൊക്കെയാണ് ആദ്യം കണ്ടു വരുന്നത്. കൂടുതല്‍ ഗൗരവമായ രോഗികളില്‍ വായ് തുറക്കാന്‍ കഴിയാതാകുക, സംസാരിക്കാനോ ഭക്ഷണം വിഴുങ്ങാനോ കഴിയാതിരിക്കുക, ചെവി വേദന, പല്ലു കൊഴിയുക തുടങ്ങിയവയൊക്കെ കാന്‍സര്‍ വളര്‍ച്ചയുടെ ലക്ഷണങ്ങളാകാം.
എങ്ങനെ പരക്കുന്നു?
വദനഗഹ്വരം എന്ന് വിളിക്കപ്പെടുന്ന വായുടെ ഉള്‍ഭാഗത്താണ് കാന്‍സറിന്റെ ആദ്യഘട്ടം കൂടുതലും കണ്ടു വരാറുള്ളത്. കഴുത്തിലെ മുഴയുടെ ഭാഗത്തുള്ള കോശദ്രവ്യത്തില്‍ ആദ്യം കാന്‍സര്‍ വ്യാപിക്കുന്നതായാണ് കണ്ടു വരാറുള്ളത്. തക്ക സമയത്ത് രോഗം കണ്ടെത്തുകയും ചികിത്സിക്കുകയും ചെയ്യാതെ വരുന്ന പക്ഷം ശ്വാസകോശത്തിലേക്കും രോഗം പടര്‍ന്നേക്കാം. അതോടെ രോഗം മൂര്‍ച്ഛിക്കുകയും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയാത്ത സ്ഥിതിയാകുകയും ചെയ്യും. അപൂര്‍വ്വം അവസരങ്ങളില്‍ അതേ സമയം തന്നെ അന്നനാളത്തിലും കാന്‍സര്‍ വരാറുണ്ട്. ഇതുമൂലം ഭക്ഷണം വിഴുങ്ങാന്‍ പ്രയാസമുണ്ടാകുക, ശബ്ദവ്യതിയാനം, ശ്വാസതടസ്സം തുടങ്ങിയ പ്രയാസങ്ങളും ഉണ്ടാകും.
രോഗനിര്‍ണ്ണയം എങ്ങനെ?
രണ്ടാഴ്ചയിലേറെയായിട്ടും വായിലെ മുറിവ് മാറാതെ തുടരുകയാണെങ്കിലും മരുന്നുകളോട് പ്രതികരിക്കുന്നില്ലെങ്കിലും ബയോപ്‌സി ചെയ്യാവുന്നതാണ്.
കാന്‍സര്‍ ആണെങ്കില്‍ എന്തു ചെയ്യണം?
കാന്‍സര്‍ ആണെന്ന് നിര്‍ണ്ണയിക്കപ്പെട്ടു കഴിഞ്ഞാല്‍ സി.ടി. സ്‌കാന്‍, അല്ലെങ്കില്‍ എം.ആര്‍.ഐ സ്‌കാന്‍ എടുത്ത് ഏതളവു വരെ രോഗം പടര്‍ന്നിട്ടുണ്ടെന്ന് സ്ഥിരീകരിക്കണം. അതിനനുസരിച്ചാണ് ചികിത്സ നിശ്ചയിക്കപ്പെടുക.
എന്താണ് ചികിത്സ?
കാന്‍സര്‍ ഏതു ഘട്ടത്തിലാണെങ്കിലും ചികിത്സയുടെ ഏറ്റവും പ്രഥമവും പ്രധാനവുമായ ഘട്ടം ശസ്ത്രക്രിയ ആണ്. ആദ്യ ഘട്ടങ്ങളാണെങ്കില്‍ ശസ്ത്രക്രിയ മാത്രം മതിയാവും. രോഗം മൂര്‍ച്ഛിച്ച ഘട്ടങ്ങളില്‍ ശസ്ത്രക്രിയക്ക് ശേഷം റേഡിയേഷന്‍ തെറപി നിര്‍ദ്ദേശിക്കപ്പെടും.
രോഗം ഭേദമാകാത്ത അവസ്ഥ വരുന്നതെപ്പോള്‍?
മറ്റു ശരീര ഭാഗങ്ങളിലേക്ക് അതായത് ശ്വാസകോശം (പൊതുവായി കണ്ടു വരാറുള്ളത്) കരള്‍, എല്ലുകള്‍ എന്നിവിടങ്ങൡലേക്ക് പടര്‍ന്നാല്‍ കാന്‍സര്‍ ചികിത്സിച്ചു ഭേദമാക്കുക പ്രയാസമാണ്. അത്തരം സാഹചര്യങ്ങളില്‍ കീമോതെറപി ഉപയോഗിച്ച് രോഗം പടരുന്നതിന്റെ തോത് നിയന്ത്രിക്കുകയാണ് ചെയ്യാറുള്ളത്.
ചികിത്സയുടെ ഫലങ്ങള്‍ എന്തൊക്കെ?
വായില്‍ മാത്രം കണ്ടു വരുന്ന ആദ്യഘട്ടത്തിലുള്ള കാന്‍സര്‍, വലിയ തോതില്‍ പടര്‍ന്നിട്ടില്ലെങ്കില്‍ ആ ഭാഗം മുറിച്ചു കളയേണ്ടി വരും. കഴുത്തിലേക്ക് പടരുന്ന സാഹചര്യം വന്നാല്‍ തൊണ്ടമുഴ നീക്കം ചെയ്യല്‍ അനിവാര്യമായി വരും. രോഗം ഗുരുതരമായ സാഹചര്യത്തില്‍ താടിയെല്ലുകളും നീക്കം ചെയ്യേണ്ടതായി വരും. ശരീരത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്ന് എല്ലുകള്‍ എടുത്ത് പരിഹരിക്കാന്‍ കഴിയാത്ത വിധം ഗുരുതരമാണ് പ്രശ്‌നമെങ്കില്‍ സംസാരിക്കാനുള്ള കഴിവ്, ചവയ്ക്കാനുള്ള കഴിവ്, വിഴുങ്ങാനുള്ള കഴിവ് തുടങ്ങിയവയെ ബാധിച്ചേക്കാം. എന്നിരുന്നാലും പ്ലാസ്റ്റിക് സര്‍ജറി ഉള്‍പ്പെടെയുള്ള ആധുനിക ശസ്ത്രക്രിയാ മാര്‍ഗ്ഗങ്ങൡലൂടെ രൂപത്തിലും പ്രവര്‍ത്തനത്തിലും (ഫംഗ്ഷനല്‍ ആന്റ് കോസ്മറ്റിക്) മികച്ച ഫലങ്ങള്‍ ലഭ്യമാക്കാന്‍ സാധിക്കും.
രോഗം ഭേദമായത് വീണ്ടും വരുമോ?
വരാം, നിങ്ങളുടെ പുകവലിയോ മദ്യപാനമോ തുടര്‍ന്നാല്‍ രോഗം വീണ്ടും വരാം. ആദ്യത്തെ രണ്ടു വര്‍ഷങ്ങളില്‍ രോഗം തിരിച്ചു വരാനുള്ള സാധ്യത കൂടുതലാണ്. ചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള ആരോഗ്യപരിപാലനം അതുകൊണ്ടു തന്നെ പ്രധാനമാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
– രണ്ടാഴ്ചയിലേറെയായിട്ടും മാറാത്ത മുറിവുകള്‍ വായിലുണ്ടെങ്കില്‍ തല, കഴുത്ത് സംബന്ധമായ വിദഗ്ധ ഡോക്ടറുടെ അഭിപ്രായം തേടുക.
– മൂര്‍ച്ഛയേറിയ പല്ലുകള്‍, ഇടയ്ക്കിടെ കവിള്‍ കടിച്ചുണ്ടാകുന്ന മുറിവുകള്‍ തുടങ്ങിയ പ്രശ്‌നങ്ങളുള്ളവര്‍ ദന്തഡോക്ടറെ കണ്ട് പ്രശ്‌നനിവാരണം നടത്തുക.
– പുകവലി, പാന്‍ മസാലകള്‍, മദ്യം എന്നിവയുടെ ഉപയോഗം എത്രയും പെട്ടന്ന് നിര്‍ത്തുക. ആവശ്യമെങ്കില്‍ ആസക്തിനിയന്ത്രണ വിദഗ്ധരുടെ സഹായം തേടുക.
– ബയോപ്‌സിയിലൂടെ കാന്‍സര്‍ രോഗം സ്ഥിരീകരിക്കപ്പെട്ടാല്‍, പിന്നെ സമയം കളയരുത്! എത്രയും പെട്ടന്ന് ചികിത്സ തേടുക. തല – ഓങ്കോളജി ശസ്ത്രക്രിയാ വിദഗ്ധനെ കാണുക. ഓര്‍ക്കുക, ആദ്യഘട്ടങ്ങളിലാണ് മികച്ച രോഗനിദാനത്തിനും രോഗാവസ്ഥ പടരാതെ, കൂടുതല്‍ ഗുരുതരമാകാതെ സൂക്ഷിക്കാനും കഴിയുക.