കേരളത്തില്‍ നിന്നുള്ള പഠനങ്ങള്‍ പറയുന്നത് 20 വയസ്സിനു മുകളില്‍ പ്രായമുളളവരില്‍ 20 ശതമാനത്തോളം ആളുകള്‍ പ്രമേഹബാധിതരാണെന്നാണ്
ലോകത്ത് പ്രമേഹ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതായിട്ടാണ് പഠനങ്ങള്‍ പറയുന്നത്. ചിട്ടയായുള്ള ജീവിതചര്യയും ഭക്ഷണക്രമവും കൊണ്ട് പ്രമേഹത്തെ നിയന്ത്രിക്കാമെങ്കിലും ഇതിന് വേണ്ടത്ര പ്രാധാന്യം നല്‍കാത്തത് പ്രമേഹത്തെ അപകടകാരിയാക്കുന്നു. കേരളത്തില്‍ നിന്നുള്ള പഠനങ്ങള്‍ പറയുന്നത് 20 ശതമാനത്തോളം ആളുകള്‍ പ്രമേഹബാധിതരാണെന്നാണ്.
പ്രമേഹത്തിനുള്ള പ്രധാന കാരണമായിപറയാവുന്നത് ജീവിതശൈലിയില്‍ വന്ന മാറ്റമാണ്. അമിത ഭക്ഷണവും കുറഞ്ഞ ശാരീരികാധ്വാനവും മൂലം ശരീരഭാരം വര്‍ധിക്കുകയും അത് പ്രമേഹത്തിന് കാരണമാകുകയും ചെയ്യുന്നു. അതുപോലെ പ്രമേഹം ഉള്ളവരില്‍ അമിത രക്തസമ്മര്‍ദ്ദവും അമിത കൊളസ്‌ട്രോളും കൂടുതലായി കണ്ടുവരുന്നുണ്ട്.
പ്രമേഹം ഒരു രോഗമാണെന്നതിലുപരി ജീവിതശൈലീ രോഗമായതുകൊണ്ട് ജീവിതശൈലിയിലെ ശരിയായ മാറ്റത്തിലൂടെ പ്രമേഹത്തെ പ്രതിരോധിക്കാനാവും. ഇതില്‍ പ്രധാനം ഭക്ഷണനിയന്ത്രണവും ചിട്ടയായ വ്യായാമവുമാണ്. അമിത ഭക്ഷണം ഒഴിവാക്കുമ്പോള്‍ തന്നെ കഴിക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരവും ശ്രദ്ധിക്കേണ്ടതാണ്. ഭാരം കുറയ്ക്കുന്നതിനായി പല ഭക്ഷണരീതികളും നിലവിലുണ്ട്. എന്നാല്‍ ഏതു രീതി സ്വീകരിക്കുകയാണെങ്കിലും ദിവസവും കഴിക്കുന്ന ഭക്ഷത്തിന്റെ കലോറി മൂല്യം കുറയ്ക്കുവാന്‍ സാധിക്കും. മാംസ്യം, കൊഴുപ്പ്, അന്നജം മുതലായ മാക്രോന്യൂട്ട്രിയന്റ്‌സില്‍ ഏതെങ്കിലും ഒന്നിന്റെ അളവ് കുറച്ച് കലോറി കുറയ്ക്കാവുന്നതാണ്. എന്നാല്‍ ഏതെങ്കിലും ഒരു പോഷക ഘടകത്തിന്റെ അളവ് വളരെയധികം കുറയ്ക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നല്ലതായിരിക്കില്ല. മൊത്തം കലോറി കുറച്ചു കൊണ്ട് തവിടു കളയാത്ത ധാന്യങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍, പഴങ്ങള്‍, മത്സ്യം തുടങ്ങിയ പോഷകമൂല്യമുള്ള ഭക്ഷണങ്ങള്‍ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
അതേസമയം തവിടു കളഞ്ഞ ധാന്യങ്ങള്‍, മൈദ, പായ്ക്കറ്റ്.
പാനീയങ്ങള്‍, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, മധുരം എന്നിവയുടെ ഉപയോഗം കുറയ്ക്കുകയും ചെയ്യുന്നതിലൂടെ പ്രമേഹത്തെ അകറ്റിനിര്‍ത്താന്‍ സാധിക്കും.
പ്രമേഹരോഗികള്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ പല അസുഖങ്ങളും വരാറുണ്ട്. വൃക്കകളുടെ തകരാര്‍, കണ്ണിലെ റെറ്റിനയുടെ തകരാര്‍, കാലിലെ ഞരമ്പുകളുടെ തകരാര്‍ എന്നിവയെല്ലാം പ്രമേഹബാധിതരില്‍ കണ്ടുവരാറുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് മരുന്നുകളിലൂടെയും അല്ലാതെയും നോര്‍മലായി നിലനിര്‍ത്തുന്നതിലൂടെ ഒരു പരിധിവരെ ഇവയെ തടയാന്‍ സാധ്യമാണ്. യു.കെ.പി.ഡി.എസ്. എന്ന പഠനത്തില്‍ (1977-1991) പുതുതായി പ്രമേഹരോഗം കണ്ടുപിടിച്ച അയ്യായിരത്തില്‍ പരം രോഗികളില്‍ പത്ത് വര്‍ഷത്തോളം നടത്തിയ പഠനത്തില്‍ കൂടുതല്‍ മരുന്നുകളോ ഇന്‍സുലിനോ ഉപയോഗിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് കൊണ്ടുവന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് വൃക്കകളിലെ തകരാറും റെറ്റിനയിലെ തകരാറും കുറയുന്നതായി കണ്ടു. അതായത് പ്രമേഹത്തിനുള്ള മരുന്നുകള്‍ തന്നെയാണ് വൃക്കയിലെ തകരാറിനും ഇവര്‍ക്ക് ഫലപ്രദമായത്.
തൊണ്ണൂറുകളുടെ അവസാനത്തില്‍ നടന്ന ഡയബറ്റിക് പ്രിവന്‍ഷന്‍ പ്രോഗ്രാം (ഡി.പി.പി.) എന്ന പഠനം പ്രമേഹവുമായി ബന്ധപ്പെട്ട് സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നതാണ്. ഡയബറ്റിക് രോഗസാധ്യത കൂടുതലുള്ള മൂവായിരത്തിലധികം പേരില്‍ നടത്തിയ പഠനത്തില്‍ ഭക്ഷണനിയന്ത്രണവും ചിട്ടയായ വ്യായാമവും മൂലം ശരീരഭാരം കുറയ്ക്കുന്നതിലൂടെ പ്രമേഹസാധ്യത 60 ശതമാനത്തോളം കുറയ്ക്കാറായതായി കണ്ടു. ഇതേ പഠനത്തിന്റെ 15 വര്‍ഷത്തിനു ശേഷമുള്ള റിപ്പോര്‍ട്ടിലും പറയുന്നത് ഇവരില്‍ പ്രമേഹസാധ്യത കുറഞ്ഞതായിട്ടാണ്. അതോടൊപ്പം രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും കുറഞ്ഞതായും കാണപ്പെട്ടു. പ്രമേഹത്തെ നിയന്ത്രിക്കുന്നതില്‍ ഭക്ഷണനിയന്ത്രണത്തിന്റെയും ചിട്ടയായ വ്യായാമത്തിന്റെയും പ്രാധാന്യം ഈ പഠനം വ്യക്തമാക്കുന്നു.
(കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിലെ എന്‍ഡോക്രൈനോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ആണ് ലേഖകന്‍)