ന്യൂറല്‍ ട്യൂബുകളെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് സ്പൈന ബൈഫിഡ. ന്യൂറല്‍ ട്യൂബുകള്‍ പൂര്‍ണമായും അടയാതിരിക്കുന്ന അവസ്ഥ, സുഷുംന നാഡിക്ക് കവചമൊരുക്കുന്ന നട്ടെല്ലിന്റെ ഭാഗമോ, ചര്‍മ്മത്തിനു തൊട്ടുതാഴെയായി വരുന് കലകളോ പൂര്‍ണമായി രൂപപ്പെടാതിരിക്കുക എന്നീ അവസ്ഥകളാണ് ഇതിനു കാരണം. നാഡികള്‍ ബലഹീനമാകുന്നതിനും പ്രവര്‍ത്തനരഹിതമാകുന്നതിനും ഇത് കാരണമാകും. നട്ടെല്ലിന്റെ ഏതു ഭാഗത്തും സ്പൈന ബൈഫിഡ സംഭവിക്കാം. ഏതു ഭാഗത്താണ് രോഗബാധയുണ്ടാവുന്നത് എന്നതും നാഡികളെ എത്രമാത്രം ബാധിച്ചിട്ടുണ്ടെന്നതും ആശ്രയിച്ചാണ് പലപ്പോഴും വൈകല്യം സംഭവിക്കുന്നത്. മുതുകിന്റെ താഴ്ഭാഗത്താണ് പലപ്പോഴും ഇത് കാണാറുള്ളത്.
ഏതൊക്കെ വിധം:
സ്പൈന ബൈഫിഡ രണ്ടു വിധത്തിലുണ്ട്. ചര്‍മ്മം പൂര്‍ണമായി ആവരണം ചെയ്യപ്പെടാത്ത അവസ്ഥയാണ് ഓപണ്‍ സ്പൈന ബൈഫിഡ. ജന്മനാ തന്നെ അത് കാണാനും സാധിക്കും. സെറിബ്രോസ്പൈനല്‍ ഫ്ളൂയിഡ് പുറത്തേക്കൊഴുകുന്നതും നാഡീകലകള്‍ ചര്‍മ്മം കൊണ്ട് ആവരണം ചെയ്യപ്പെടാത്തഅവസ്ഥയും ഇതിന്റെ ഭാഗമാണ്. തലച്ചോറില്‍ നീരുവരുക-ഹൈഡ്രോസെഫാലസ്, കിയാരി -2 മാല്‍ഫോര്‍മേഷന്‍ തുടങ്ങിയവയോടൊപ്പമാണ് പലപ്പോഴും ഈ അവസ്ഥ കാണാറുള്ളത. നാഡീഭാഗങ്ങള്‍ പുറത്തേക്കുന്തി നില്ക്കുന്ന അവസ്ഥ പലപ്പോഴും അണുബാധ പോലുള്ള പ്രശ്നങ്ങളുടെ സാധ്യത വര്‍ധിപ്പിക്കുന്നു.
ഒക്കള്‍ട്ട് സ്പൈന ബൈഫിഡ വിഭാഗത്തില്‍ ചര്‍മ്മാവരണം ഉണ്ടായിരിക്കും. എന്നാല്‍ പുറം ഭാഗത്ത് ചര്‍മ്മത്തിന്റെ നിറം മാറിയിരിക്കും. ചിലപ്പോള്‍ ആ ഭാഗത്ത് രോമങ്ങള്‍ നിറഞ്ഞിരിക്കുകയോ ചെറിയ മുഴ കാണുകയോ ചെയ്യാംലക്ഷണങ്ങള് നോക്കിയും സ്കാനിംഗിലൂടെയും മറ്റും സുഷുംന നാഡിയുടെയും നട്ടെല്ലിന്റെയും പ്രശ്നങ്ങളുടെ തോത് മനസ്സിലാക്കാന്‍ സാധിക്കും.
കാരണവും
പ്രതിരോധവും:
സ്പൈന ബൈഫിഡ രോഗത്തിനു കാരണമാകുന്ന ജനിതകമോ പാരിസ്ഥിതികമോ ആയ ഏതെങ്കിലും കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.
എന്നാല്‍ ഫോളിക് ആസിഡ് കൃത്യമായ അളവില്‍ ദിനംപ്രതി എന്ന നിലയില്‍ ഉള്ളില്‍ ചെല്ലുകയാണെങ്കില്‍ സ്പൈന ബൈഫിഡ ഉണ്ടാകാനുള്ള സാധ്യത വളരെ കുറയ്ക്കാന്‍ കഴിയും. ഗര്‍ഭത്തിന്റെ ആദ്യമാസത്തില്‍ തന്നെ ന്യൂറല്‍ ട്യൂബിന്റെ വളര്‍ച്ച പൂര്‍ത്തിയാകുന്നുണ്ട്. പലപ്പോഴും താന്‍ ഗര്‍ഭിണിയാണെന്ന് സ്ത്രീ അറിയുന്നതിനു മുമ്പു തന്നെ ഇത് സംഭവിച്ചിരിക്കുമെന്നര്ത്ഥം. അതുകൊണ്ട് ഗര്‍ഭിണിയാവാന്‍ ആലോചിക്കുമ്പോള്‍ തന്നെ ഫോളിക് ആസിഡ് ഗുളികകള്‍ കഴിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുണ്ട് പ്രമേഹം, അമിതവണ്ണം, ചില മരുന്നുകളുടെ ഉപയോഗം, അമിതോഷ്ണമുള്ള ശരീരം തുടങ്ങിയവ ഉള്ളവര്‍ക്ക് സ്പൈന ബൈഫിഡ ഉള്ള കുഞ്ഞുങ്ങള്‍ ജനിക്കാനുള്ള സാധ്യത കൂടുതലാണ്.
രോഗനിര് ണ്ണയം
ഗര്‍ഭാവസ്ഥയിലോ പ്രസവശേഷമോ കണ്ടുപിടിക്കാന്‍ സാധ്യതയുള്ള രോഗമാണ് സ്പൈന ബൈഫിഡ. അതേസമയം രോഗനിര്‍ണ്ണയം 100 ശതമാനം സാധ്യമാണ് എന്ന് പറയാന്‍ കഴിയില്ല. ജനിതകരോഗങ്ങളോ സ്പൈന ബൈഫിഡയോ മറ്റോ ഉണ്ടോ എന്ന് ഗര്‍ഭാവസ്ഥയില്‍ തന്നെ പരിശോധിച്ചറിയാനുള്ള ടെസ്റ്റുകള്‍ നടത്താറുണ്ട്. ചില സൂചനകളുടെ അടിസ്ഥാനത്തില്‍ മെറ്റേണല്‍ ബ്ലഡ് മാര്‍ക്കേഴ്സ്, അള്‍ട്രാസൗണ്ട് സ്കാനുകള്‍, ചില പ്രത്യേക രോഗികളില്‍ അംനിയോസെന്റസിസ് (amniocentesis) തുടങ്ങിയ ടെസ്റ്റുകള്‍ നടത്താറുണ്ട്.
ചില സന്ദര്‍ഭങ്ങളില്‍ പ്രസവത്തിനു ശേഷം കുഞ്ഞിനെ പരിശോധിക്കുമ്പോള്‍ പുറം ഭാഗത്തെ ചര്‍മ്മത്തിലുള്ള ന്യൂനതകളോ, മുഴയോ, ചില ഭാഗത്തു മാത്രം വളര്‍ന്നു നില്ക്കുന്ന രോമങ്ങളോ ശ്രദ്ധിക്കുമ്പോള്‍ മാത്രമേ സ്പൈന ബൈഫിഡ രോഗബാധ തിരിച്ചറിയാന്‍ കഴിയാറുള്ളൂ. അല്ലെങ്കില്‍ കാലുകളുടെ രവര്‍ത്തനം, നട്ടെല്ലിന്റെ ഘടനയിലുള്ള വൈകല്യം എന്നിവയും സ്പൈന ബൈഫിഡ രോഗനിര്‍ണയത്തിലേക്കുള്ള ചൂണ്ടുപലകകളാവാറുണ്ട്.
ചില കുഞ്ഞുങ്ങള്‍ക്ക് രോഗബാധയുണ്ടെങ്കിലും അത് അല്പം വളര്‍ച്ചയെത്തുമ്പോള്‍ മാത്രമേ പ്രകടമായ ലക്ഷണമായി കാണുകയുള്ളൂ. മറ്റു ചിലര്‍ക്ക് പലപ്പോഴും പ്രായപൂര്‍ത്തിയാകുന്ന ഘട്ടത്തിലൊക്കെയാവും നാഡീപരമായ പ്രശ്നങ്ങളുടെ ലക്ഷണങ്ങള്‍ കാണിക്കുക. ലക്ഷണങ്ങള്‍ കണ്ടാല്‍ സ്പൈന ബൈഫിഡ രോഗ ബാധ ഉറപ്പിക്കാനായി പ്രസവശേഷം കുഞ്ഞിന്റെ നട്ടെല്ലിന്റെ എം ആര് സ്കാനിംഗ് എടുക്കുകയാണ് പതിവ്. രണ്ടു മുതല്‍ ആറു മാസം വരെയുള്ള സമയത്തിനുള്ളില്‍ ഇത് ചെയ്യാം. പ്രസവശേഷം പ്രസവശേഷം കുഞ്ഞിന്റെ സ്വാഭാവിക ശരീര പരിശോധനകള്‍ക്കു ശേഷം തലച്ചോറില്‍ നീര്വീഴ്ചയുണ്ടോ എന്ന് പരിശോധിക്കും.
ചികിത്സാ
മാര്‍
ഗ്ഗങ്ങള്:
ഓപണ്‍ സ്പൈന ബൈഫിഡ രോഗികളുടെ കാര്യത്തില്‍ നാഡീകലകള്‍ അനാവരണം ചെയ്യപ്പെട്ട നിലയിലായതുകൊണ്ട് കുടുതല്‍ നാശവും അണുബാധയും ഉണ്ടാവാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് എത്രയും പെട്ടെന്ന് ശസ്ത്രക്രിയ നടത്തുകയാണ് നല്ലത്. അണുബാധ തടയാനും സെറിബ്രോസ്പൈനല്‍ ഫ്ളൂയിഡിന്റെ ഒഴുക്ക് സുഗമമാകാനും ഇത് സഹായിക്കും.
Occult Spina Bifida / Normal skin covering അഥവാ പുറത്തേക്ക് ഉന്തിനില്ക്കാത്ത വിധത്തിലുള്ള സ്പൈന ബൈഫിഡ രോഗമുള്ള കുഞ്ഞുങ്ങളില്‍ ജനിച്ച ഉടനെ ചികിത്സ ആവശ്യമില്ല. എന്നാല്‍ ആദ്യത്തെ ആറു മാസത്തിനുള്ളില്‍ തന്നെ ശസ്ത്രക്രിയ നടത്തുന്നതാണ് നല്ലത്. അതുപോലെ തലച്ചോറില്‍ നീര്‍വീഴ്ച, കിയാരി -2 മാല്‍ഫോര്‍മേഷന്‍ പോലുള്ള അവസ്ഥയുണ്ടെങ്കിലും ശസ്ത്രക്രിയ തന്നെയാണ് അഭികാമ്യം. കുഞ്ഞുങ്ങളുടെ രോഗാവസ്ഥ അനുസരിച്ച് പലപ്പോഴും ഓര്‍ത്തോപീഡിക്, യൂറോളജി, ഫിസിക്കല്‍ ആന്റ് റിഹാബിലിറ്റേഷന്‍ തെറപി തുടങ്ങിയ വിഭാഗങ്ങളുടെ ഏകോപിച്ചുള്ള പരിശോധനയും ചികിത്സയും വേണ്ടി വരും. ബ്ലാഡര്‍, മാലിന്യം പുറത്തുപോകാനുള്ള സ്വാഭാവിക പ്രവര്‍ത്തനം തുടങ്ങിയവ പരിശോധന വിധേയമാക്കുക. കാലുകള്‍, നട്ടെല്ല് എന്നിവയുടെ പ്രവര്‍ത്തനം നല്ല നിലയിലാണോ എന്ന് പരിശോധിക്കുക തുടങ്ങി ശരീരത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനം പരമാവധി കൈവരിക്കുന്നതിനു വേണ്ടി മികച്ച ചികിത്സയും പരിചരണവും യഥാസമയം ഉറപ്പുവരുത്തുകയാണ് ചെയ്യേണ്ടത്.
സ്പൈന ബൈഫിഡ രോഗമുള്ള കുഞ്ഞുങ്ങള്‍ക്ക് കൃത്യമായ സമയത്തുള്ള രോഗനിര്‍ണയം നടത്തുകയും എല്ലാ വിഭാഗങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള സമഗ്ര ചികിത്സാ രീതിയും പ്രയോഗത്തില്‍ വരുത്തിയാല്‍ സാധാരണ ജീവിതം സാധ്യമാക്കാന്‍ കഴിയും.
(മെയ്ത്ര ഹോസ്പിറ്റൽ കണ്‍സല്‍ട്ടന്റ്-പീഡിയാട്രിക് ന്യൂറോസര്‍ജനാണ് ലേഖിക)